പിടക്കോഴി

Sunday, October 22, 2006

കരള്‍ വെന്ത മണം - കവിത

ചില്ലുകുപ്പിയില്‍ അടച്ചുവച്ച
കരളിന്
ചോരയുടെ നിറം കുറവായിരുന്നു.

മണവും.

ദിനം പ്രതി നിറം കുറഞ്ഞ്
റോസ്
ഇളം റോസ്, മഞ്ഞ
വെളുപ്പ്.

മഞ്ഞു പോലെ വെളുത്ത

പതു പതുത്ത കരള്‍
അടുപ്പിന്‍ കൂട്ടിലേക്കിറക്കി,
കരിഞ്ഞു പോകാതിരിക്കാന്‍
എണ്ണ പാ‍കത്തില്‍ പകര്‍ന്ന്
അവള്‍ വറുത്തെടുത്തു.

എണ്ണമണത്തിനൊപ്പം
വെളുത്ത കരള്‍ മണത്തിലവള്‍‍ തുമ്മി.
തുമ്മല്‍ പൂക്കളിറുത്തവള്‍ ഉപ്പളമുണ്ടാക്കി.

കരളിറക്കത്തിലവള്‍
ഫോര്‍ക്കുകൊണ്ടു
കുത്തി
കത്തി കൊണ്ടു
മാന്തി,

കഷണങ്ങളാക്കി മുറിച്ച്
കൊതിയോടെ
അവള്‍ ചവച്ചിറക്കി
എന്നിട്ടും
അവളിലേക്ക് കരള്‍ ഒട്ടിച്ചേര്‍ന്നു.

അവള്‍ക്കു വേണ്ടി പിടച്ചു.
ചൂ‍ടോടെ.

Monday, October 02, 2006

ചക്ക

വാര്‍ത്തകേട്ടപ്പോള്‍ അയാള്‍ക്ക് സന്തോഷം തോന്നി. ഒരു പഴുത്ത് മണക്കുന്ന പഴം ചക്ക കിട്ടിയപോലെ. കൈ മുട്ടുരഞ്ഞ് പൊട്ടി പിന്നെ പ്ലാവിലെ വെളിഞ്ഞീറും കൂടി ആയപ്പോള്‍ അയാളുടെ ദേഹം ചൊറിഞ്ഞു തുടങ്ങിയിരുന്നു. ഏറ്റവും ഉയരത്തില്‍ നിന്ന് മുഴുത്ത ചക്കയുടെ വേരില്‍ കൈ വച്ചപ്പോള്‍.. ഹായ്.. ന്താ മണം...
..പ് തോ....
ഓണപൂക്കളിട്ടപോലെ.. ചക്കകുരുക്കള്‍ ചിതറിക്കിടക്കുന്നു.. താഴോട്ടിറങ്ങി വരുമ്പോള്‍ അയാളുടെ മനസ്സ് പട പട ന്ന് ഒച്ച വച്ചു.
ഒരു പരസ്യത്തിന് ശേഷം വാര്‍ത്ത വീണ്ടും.
യൂദാസ് യേശുവിനെ ഒറ്റുകൊടുത്തിട്ടില്ല. ശിഷ്യന്‍മാരില്‍ പത്രോസിനേക്കാളും നല്ലവനായിരുന്നു യൂദാസ്.
കിടക്കയില്‍ കിടന്ന് അയാള്‍ കറുത്ത കമ്പിളിപ്പുതപ്പു നീക്കി കര്‍ത്താവിന്‍റെ ചില്ലിട്ട ഫോട്ടൊ കയ്യിലെടുത്തു. പിന്നെ പതിയെ കര്‍ത്താവിനോട് ചിരിക്കാന്‍ തുടങ്ങി. ചിരിച്ച് ചിരിച്ച് അയാളില്‍ വെട്ടിയിട്ട ചക്കയുടെ മണം നിറഞ്ഞു. കണ്ണുകള്‍ പഴുത്തു തുടങ്ങി. ചക്കകുരുക്കള്‍ കണ്ണുതുറന്നു. അയാള്‍ ക്രമേണ ഒരു ചക്കയാ‍യി മാറി.

Sunday, October 01, 2006

ഡിവോഴ് സ്


ക്യാപ്റ്റന്‍ മേരിപ്രീയയുടെ കണ്ണുകള്‍ ചുവന്നിരുന്നു.മെസ്സ് ഹാളിലേക്ക് പോകുമ്പോള്‍ നിഴലുകള്‍ ഇഴചേര്‍ന്ന വാകമരത്തിനരികില്‍ ചുവന്ന പൂക്കള്‍ കൈയ്യിലെടുത്തു മിസ്സിനോട് ചോദിച്ചു. എന്തുപറ്റീന്ന്. ഒന്നും പറഞ്ഞില്ലെങ്കിലും എനിക്ക് കാര്യം മനസ്സിലായിരുന്നു. അവരുടെ മരേജ് കോണ്ട്രാക്ടിന് സമയമായിരിക്കുന്നു..!!ഒരു റെസിഗ്നേഷന്‍..! അവള്‍ വെറുതെ ചിരിച്ചു. അമേരിക്കയില്‍ പോയി കഷടപ്പെടുന്നതിനേക്കാള്‍ അവള്‍ക്കിഷ്ടം ഇവിടെ ഈ ബാരക്കുകളില്‍ ജീവിക്കുന്നതു തന്നെയാണ്. പക്ഷെ മേജര്‍ രാജു ഷെട്ടി... അയാള്‍ക്ക് പിരിഞ്ഞു പോയേ പറ്റു. വിരലുകള്‍ മടക്കി ക്യാപ്റ്റന്‍ മേരിപ്രീയ കണക്കുകള്‍ കൂട്ടി. അഞ്ചു ദിവസം ബാക്കി. അവള്‍ യൂനിഫോമിലെ നകഷത്രങ്ങളെ നോക്കി. നക്ഷത്രങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. ജനാലയിലൂടെ ആകാശത്തെ നക്ഷത്രങ്ങള്‍ അവളെ നോക്കി ചിരിച്ചു.
തുറന്നു കിടക്കുന്ന മേശവലിപ്പില്‍ സര്‍വ്വീസ് റിവോള്‍വര്‍.. ക്യാപ്റ്റന്‍ കൈ എത്തിച്ച് മേശവലിപ്പില്‍ നിന്ന് റിവോള്‍വര്‍ കയ്യിലെടുത്തു തന്‍റെ താളം തല്ലിക്കൊണ്ടിരിക്കുന്ന ഇടതു നെറ്റിയിലേക്ക് മുട്ടിച്ചു വച്ചു. കണ്ണാടിയിലെ മേരിപ്രീയയുടെ പ്രതിബിംബം നോക്കി ഏറെ നേരം അവരവിടെ അതേ ഇരിപ്പിരുന്നു. ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചപ്പോള്‍ തയ്യാറാക്കി വച്ച ഡിവോഴ്സ് നോട്ടീസില്‍ നീട്ടി വരച്ചു. അവരപ്പോള്‍ തേങ്ങിയൊ??...