പിടക്കോഴി

Thursday, April 26, 2007

വര്‍ഗ്ഗീകരിക്കുമ്പോള്‍ കൃഷ്ണന് സംഭവിക്കുന്നത്

കൃഷ്ണന്‍ നീല കാര്‍വര്‍ണ്ണനും
ഭഗവാനുമാണെന്ന് പറഞ്ഞപ്പോള്‍
എനിക്ക് തോന്നിയത് ഞാനും പറഞ്ഞു.
കൃഷ്ണന്‍ കറുത്തവനും
അടിയാളനുമായിരുന്നെന്ന്.

കൃഷ്ണന്‍റെ കൈയ്യില്
തിന്മയെ നിഗ്രഹിക്കാനായ്
സുദര്‍ശന ചക്രമുണ്ടെന്ന് പറഞ്ഞപ്പോള്
എനിക്ക് തോന്നിയത് ഞാനും പറഞ്ഞു

അശോകചക്രമൊന്നുമല്ലല്ലോ
അത് വെറുമൊരു ഭൂമാറാങ്ങാണെന്നും
കാലിച്ചെറുക്കന് മാരുടെ ആയുധമായിരുന്നെന്നും.

‘സു’ എന്നുള്ളത് സവര്‍ണ്ണ പ്രതീകമാണ്


ഭഗവാന്‍ സ്വര്‍ഗ്ഗരോഹണം ചെയ്തെന്നും
ഇനിയും അവതരിക്കുമെന്നും പറഞ്ഞപ്പോള്‍
ഭഗവാന്‍ മരിക്കുന്നതെങ്ങിനേയെന്ന് ഞാന്‍
മരിച്ചവരൊരിക്കലും തിരിച്ചുവന്നിട്ടില്ല.

ഉയര്‍ത്തെഴുന്നേല്‍പ്പ് വെറുമൊരു വിശ്വാസം.


ഭഗവദ് ഗീത രചിച്ചതും
ഭരണ ഘടന രചിച്ചതും
അധ:കൃതനെന്ന് ഞാന്‍ പറഞ്ഞപ്പോള്
എനിക്കു പിന്നിലും
‘കീ’ ജെയ് ഉയരുന്നുണ്ടായിരുന്നു.

Labels:

Monday, April 23, 2007

കഥാപാത്രങ്ങള്‍ നഷ്ടമാകുമ്പോള്‍

ഉറക്കെ കരയുന്ന കുഞ്ഞിന്റെ ആവശ്യം
മായാവിയെ കാണണമെന്നായിരുന്നു.

വീട്ടിലേക്ക് കയറുമ്പോള്‍ ഒതുക്കത്തോടെ
കൈയ്യില് വച്ചു കൊടുത്തു
ബാലരമ.

രാജുവും
രാധയും
വിക്രമനും മുത്തുവും
ഡാകിനിയും കുട്ടൂസനും
ലുട്ടാപ്പിയും
അവന്‍റെ മനസ്സില് പൂക്കളും
ആകാശവും നക്ഷത്രങ്ങളും
വിടരുമെന്ന് ഞാന്‍ സ്വപ്നം കണ്ടു.
അപ്പോഴും
കുഞ്ഞ് കരയുകയായിരുന്നു
അവന് വേണ്ടിയിരുന്നത് ‘മായാവി’
സിനിമ ആയിരുന്നു.



തൊടിയിലൊക്കെയും
പൂമ്പാറ്റയും
അമര്‍ചിത്രകഥയും
പാറുകയും ഒച്ചവയ്ക്കുകയും ചെയ്യുമായിരുന്നു
ബീര്‍ബലും,

വിക്രമാതിത്യനും വേതാളവും
പൌരാണികതയുടെ,
തത്വങ്ങളുടെ ഭാണ്ഡം തുറക്കുമ്പോള്‍
കണ്ണുകളില്‍ പരല്‍മീനുകള്‍ ഓടിക്കളിച്ചിരുന്നു.


ഡിങ്കന്‍
നീതിയുടെ തോഴന്‍
ഉറക്കത്തിലും
ഉണര്‍വ്വിലും കളിക്കൂട്ടുകാരനായിരുന്നു
പിന്നെ
ബുദ്ധികൂര്‍മ്മതയില്‍ മുമ്പനായിരുന്ന
ഇന്‍സ് പെക്ടെര്‍ ഗരുഡ്.


എന്നിട്ടും
മകന് വേണ്ടിയിരുന്നത്
മസിലു പിടിക്കുകയും

മുഖം നിറയെ
ഗോഷ്ടികാണിക്കുകയും ചെയ്യുന്ന
ദിലീപിനെ മാത്രാമായിരുന്നു.

അപ്പോഴും

കൈയ്യാലയ്ക്കിരുന്ന്
ബോബനും മോളിയും

തലയറിഞ്ഞ്
കരയുകയായിരുന്നു.

Labels: