പിടക്കോഴി

Monday, May 28, 2007

ഞാനൊരാങ്കുട്ടിയല്ലേ..

അങ്ങിനെയാണ്
ഞാന്‍ പിബിയില്‍ നിന്ന് പുറത്തായത്.

വേഗത്തില്‍ ഓടാന്‍

എല്ലാവരും പറഞ്ഞെങ്കിലും
ഞാന്‍ പതുക്കെയേ..


വയസ്സ് എനിക്കും ബാധകമാണല്ലൊ
ഒരു വയസ്സില്‍ പെണ്‍കുട്ടികളാണെങ്കില്‍
ചിലപ്പോഴൊക്കെ എഴുന്നേറ്റ് നടന്നേനെ
ഞാനൊരു ആങ്കുട്ടിയല്ലേ…

അങ്ങിനെയാണ്
ഞാന്‍ പിബിയില്‍ നിന്ന് പുറത്തായത്


സുന്ദരവിഡ്ഡികളുടെ മഹാസ്മ്മേളനം
അകത്തും പുറത്തും നടക്കുമ്പോള്‍
മിണ്ടാതിരിക്കുക എന്നുള്ളത്
എനിക്ക് പറഞ്ഞിട്ടുള്ളതല്ലല്ലൊ
ഞാനൊരു ആങ്കുട്ടിയല്ലേ…

ചരിത്ര പുസ്തകത്തില്‍
വേദനകളെ കുറിച്ച് പറയാന്‍
പേജുകളില്ലാത്തതിനാല്‍
ഞാന്‍ വിപ്ലവം എന്നു വിലപിച്ചു
അങ്ങിനെയാണ്
ഞാന്‍ പി. ബിയില്‍ നിന്ന് പുറത്തായത്
എങ്കിലും

ഞാനൊരു ആങ്കുട്ടിയല്ലേ

Monday, May 21, 2007

ജാഥയില്‍ നിന്ന്

പണ്ട് പണ്ട്
ഉമേശനെനൊരു കവിയുണ്ടായിരുന്നു.
ജാഥ വിളിക്കുന്നതിനിടയില്‍
ഉമേശന്‍ തോണ്ടി വിളിച്ചു
എടാ.. നമ്മളെന്താ ഈ വിളിച്ച് കൂവുന്നേ…


കുഞ്ഞപ്പ പട്ടാന്നൂരെന്നൊരു കവിയുണ്ടായിരുന്നു.
ജാഥ വളവില്‍ തിരിയുമ്പോള്‍
മാതൃഭൂമിയില്‍ നിന്ന് എലി ഇറങ്ങി ഓടി
ഓടി ഓടി ചെന്നെത്തിയത്
പഴയൊരു സിംഹത്തിന്‍റെ മുമ്പില്‍
എലി ഉറക്കെ പറഞ്ഞു
നീ പോ.. മോനെ ദിനേശാ…

ഉമേശന്‍ ദിനേശ് ബീഡി കൊളുത്തി
കുഞ്ഞപ്പ തന്‍റെ താടി തടവി
‘ഭയം' കാരണം ബീഡി കെട്ടു പോയി
എലി കരണ്ട് പുകയും പോയി


ജാഥ മുന്നേറുമ്പോള്‍
പരിപ്പുവടയും ചായയും
തീര്‍ന്നു പോയെങ്കിലും
‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന് നാടകം
മുരളി എഴുതി അവസാനിപ്പിച്ചു.

ജാഥ അവസാനിക്കുമ്പോള്‍
ഉമേശന്‍ ജാഥയിലുണ്ടായിരുന്നില്ല
കുഞ്ഞപ്പയുമുണ്ടായിരുന്നില്ല.


നാടകമവസാനിക്കുമ്പോള്‍
ചരിത്രം അവസാനിച്ചിരിന്നു
പക്ഷെ
മുരളി ചരിത്രത്തിന്‍റെ ഭാഗമേ അല്ലാതായി.

Wednesday, May 09, 2007

മുഖപടങ്ങള്‍

വരച്ചിട്ടും വരച്ചിട്ടും
തീരാത്ത ചില
ചിത്രങ്ങളുടെ മുഖപടങ്ങള്‍…

അയ്മൂട്ടിയുടെ
ചായക്കടയിലെ തീര്‍ന്നിട്ടും
തീരാത്ത പഴക്കുലപോലെ
ഒരു ശരീരം

നരച്ച ആകാശത്തില്‍
കൊതിച്ചിറങ്ങുന്ന
പക്ഷിത്തൂവല്‍ പോലെ
പതിയെ പതിയെ…

ലോക്കപ്പിലെ
ഇരുണ്ടാകാശം
പൊട്ടി അടര്‍ന്ന
ചിത്രത്തുണ്ടു പോലെ
കറുത്ത് പരന്ന്...

കറുത്ത ചിത്രങ്ങളില്‍
പരന്ന് വെളിച്ചപെട്ടത്
അച്ഛന്‍
അമ്മ
മകന്‍
ഭാര്യ
ബാക്കിയൊക്കെയും
മുട്ടുകാല്‍ കൊണ്ട്
ഇടിച്ച് തകര്‍ന്നത് പോലെ
ഒടിഞ്ഞ് നുറുങ്ങിയിരിക്കുന്നു.

വരച്ചിട്ടും വരച്ചിട്ടും
തീരാത്ത ചിത്രങ്ങളില്‍
പുതിയ മുഖങ്ങള്‍
തെളിഞ്ഞു കൊണ്ടേയിരിക്കുന്നു.