പിടക്കോഴി

Tuesday, December 11, 2007

രണ്ട് സ്വപ്നം കാണുന്നവര്‍

ഉണ്ണുന്നതും
ഉറങ്ങുന്നതും
ഒരേ സമയത്തായിട്ടും
സ്വപ്നം കാണുന്നത്
ഉറക്കമുണരുന്നത്
ഒരേ പാത്രത്തിലാവാത്തതെന്തേന്ന്
ഉറക്കപ്പിച്ചിലാണ് അയാള്‍ ഓര്‍ത്തത്.

ഒരുമിച്ചുറങ്ങിയിട്ടും
ഒരുമിച്ച് കഥപറഞ്ഞും കേട്ടും
കെട്ടിപ്പിടിച്ചിട്ടും
ഉമ്മകൊടുത്തിട്ടും
ഒരു കിടക്കയില്‍ രണ്ട് സ്വപ്നം കാണുന്നത്
കിടക്കയുടെ കുഴപ്പമായിരിക്കാം.
മുറിയുടെ കുഴപ്പമായിരിക്കാം
കുളിമുറിയുടേ കുഴപ്പമായിരിക്കാം.

എല്ലായിടവും കേറി മൂത്രമൊഴിച്ച്
എല്ലായിടവും മൂട്ടമരുന്നടിച്ച്
എല്ലായിടവും പല്ലിമുട്ടയിട്ട്
മണപ്പിച്ച് മണപ്പിച്ച്
ഒരു കിടക്കയിലേക്കൊരുക്കിയെടുത്ത രാത്രിയില്‍
അവള്‍ക്ക് പേറ്റു നോവുണര്‍ന്ന്
ഫെനോയിലിന്റെ മണത്തില്‍
രണ്ട് സ്വപ്നമായി
അകത്തും പുറത്തും കാവലിരുന്നു.
ഒരു ഇള്ളക്കരച്ചിലില്‍
ഒറ്റസ്വപ്നം കണ്ടുണാരാന്‍ കൊതിച്ച്
ഭിത്തിയില്‍ ചാരി ഉറങ്ങുന്നത്
പതിവാക്കിയത് അങ്ങിനെയാണ്.

Labels: