പിടക്കോഴി

Tuesday, November 28, 2006

പ്രണയം - കവിത

തിര തല തല്ലി വിളിച്ചു അന്നേ
തിരിയേകി വിളക്കു തെളിയിക്കാന്‍
നിറമേറെ തെളിയും പ്രണയത്താ‍ല്‍
കനലിന്‍ കണ്ണില്‍ കുത്താന്‍.

ചുമലില്‍ കയ്യിട്ട് വിളിച്ചൂ
കരളിന്‍ തുമ്പത്തൊരുമ്മ കൊടുക്കാ‍ന്‍
കയ്യും മെയ്യും കൂട്ടി വിളക്കി
പ്രണയച്ചരടിന്‍ കരണം പുകയ്ക്കാന്‍.

തിര തല തല്ലി വിളിച്ചു അന്നേ
കരകാണാ കടലു കടക്കാന്‍
ഇല നക്കിയ കാലത്തിന്‍
ചുണ്ടു കള്‍ മാറ്റി, പകരും വിരലുണ്ട് രസിക്കാന്‍

Sunday, November 26, 2006

തീവണ്ടി

തീവണ്ടി ശബ്ദം കേട്ടപ്പോള്‍
ഇപ്പോള്‍ തന്നെയെന്ന് അയാള്‍ തിടുക്കം കൂട്ടി

ങേ..ങേ എന്ന് കുട്ടിക്കാലം നിറഞ്ഞു
അമ്മേ...ന്ന് യൌവ്വനം
ഒന്നും മിണ്ടാതെ കുടിച്ചു വറ്റിച്ച
ബാക്കി കാലം.

കുട് കുട് കുട്
തീവണ്ടി ശബ്ദം കേട്ടപ്പോള്‍
അയാള്‍ ചിരിച്ചു.
സ്കൂളിലെ ഇരട്ടപ്പേര്
കൂക്കുവണ്ടി.

ശ്ശൂ … ശ്ശൂ … ശ്ശൂ …
കോളജിലെ മൂത്രപ്പുരയില്‍
കോറിയിട്ട അയാളുടെ ചിത്രത്തിന്‍ താഴെ
പമ്പു വിഴുങ്ങി യെന്നു എഴുതി വച്ച
കലാകാരന്‍മാര്‍.


ഒന്നും മിണ്ടാതെ കാലം കഴിച്ച
ഭാര്യമാര്‍, കുട്ടികള്‍.
അനുഗ്രഹിക്കാതെ നിഗ്രഹിക്കാന്മാത്രം
ദൈവങ്ങള്‍.
അയാള്‍
ചിരിച്ചു കൊണ്ടു നില്‍ക്കെ തിടുക്കത്തില്‍
തീവണ്ടി കടന്നു പോയി

Tuesday, November 07, 2006

നാളത്തെ ഭക്ഷണം - കവിത

ഉപ്പില്ല
പുളിയില്ല
എരിവില്ല

ഇതെന്താ മനുഷ്യന് കഴിക്കാന്‍ തന്നെയാണൊ?

അയാള്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല.
കഴിച്ച്
കഴുകി വച്ച്
മുഖം തുടച്ച്
ഏമ്പക്കം വിട്ടു.
നാളെ ഭക്ഷണം കിട്ടിയില്ലെങ്കിലൊ!!

Saturday, November 04, 2006

ഇറവെള്ളത്തിലെ തോണി - കഥ

ഇടി വെട്ടി മഴ പെയ്ത രാത്രിയില്‍ അവള്‍ പറഞ്ഞത് “ചേട്ടാ.. വല്ലതെ തണുക്കുന്നു”.
സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ച് മനസ്സുകുളിര്‍ത്ത് ഒന്നുറങ്ങി ഏറെ നാളുകള്‍ക്ക് ശേഷം. ഉറക്കത്തില്‍ ഇറവെള്ളത്തില്‍ തോണിയിറക്കാന്‍ അവളിറങ്ങിപ്പോയത് അയാളറിഞ്ഞതേയില്ല. .

ചാണകമെഴുകിയ തറയില്‍, ഒരു മൂലയില്‍ വിരലുകളിട്ട് അയാള്‍ ചുരണ്ടി ചുരണ്ടി ഓട്ടയുണ്ടാക്കി. അവിടെ നിന്ന് ഉറുമ്പുകള്‍ വരുന്നതും നോക്കി അയാളിരുന്നു. ചുമരില്‍ അടര്‍ന്നു പൊയ തേപ്പിനിടയിലൂടെയും ചിതല്‍പ്പുറ്റുകള്‍ നോക്കി ഭയപ്പടോടെ ഓര്‍ത്തു
കുട്ടികള്‍ വരുമ്പോള്‍ ഇനി ഞാന്‍ എന്താ‍ പറയുക… .
പിന്നെ സമാധാനിച്ചു.
അവരു വരട്ടെ എന്തെങ്കിലു പറയാം.
മൂ‍ത്രം നനഞ്ഞ് നാറ്റം തുടങ്ങിയ മുണ്ടില്‍ മുട്ടുകാലിലിരുന്ന് അയാള്‍ കടലാസില്‍ തോണികളുണ്ടക്കാന്‍ തുടങ്ങി.
അയാളുടെ കണ്ണിലപ്പോള്‍ ഇറവെള്ളവും അവളും മാത്രമായി.